യുറീക്ക... യുറീക്ക

ഇത്‌ യുറീക്കയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ല്‌. 1970 ജൂണ്‍ 1ന്‌ 32 പേജുള്ള മാസികയായി പുറത്തിറങ്ങിയ യുറീക്ക ഓണ്‍ലൈനിലെത്തുന്നു. 2002ല്‍ ദൈ്വവാരികയായതിനുശേഷമുള്ള മറ്റൊരു കുതിച്ചുചാട്ടം. അതിമനോഹരമായ വെബ്‌ - സൈറ്റും ഏറ്റവും പുതിയ ലക്കം ഓണ്‍ലൈനില്‍ വായിക്കാനുള്ള സംവിധാനവുമായാണ്‌ യുറീക്ക ഡിജിറ്റലാവുന്നത്‌. ഒപ്പം, പഴയ ലക്കങ്ങള്‍ വായിക്കാനുള്ള ആര്‍ക്കൈവും ലഭ്യമാക്കുന്നു.

സ്വര്‍ണ്ണകിരീടത്തില്‍ ചെമ്പിന്റെ കലര്‍പ്പുണ്ടോ എന്നു കണ്ടെത്താനാണ്‌ രാജാവ്‌ ആര്‍ക്കമിഡീസിനെ നിയോഗിച്ചത്‌. കണ്ടെത്തിയില്ലെങ്കില്‍ തല പോകും. അതുകൊണ്ട്‌, രാജാവിന്റെ തലപ്പാവ്‌ ആര്‍ക്കമിഡീസിന്റെ തലക്കുത്തായി മാറുന്നു. മറ്റൊന്നും ചിന്തിക്കാനാവാതെ, ഒരൊറ്റ വിചാരം. കുളിത്തൊട്ടിയിലെ ഒരു നിരീക്ഷണത്തില്‍ രാജകല്‍പ്പനയ്‌ക്ക്‌ ഉത്തരമുണ്ടായിരുന്നു...
``യുറേക്ക... യുറേക്ക'' (ഞാന്‍ കണ്ടെത്തി... ഞാന്‍ കണ്ടെത്തി...) എന്നു വിളിച്ചുകൂവിക്കൊണ്ട്‌ ഉടുതുണിയില്ലാതെ കുളിത്തൊട്ടിയില്‍ നിന്ന്‌ ഒരു തെരുവിലേക്ക്‌ ഇറങ്ങിയോടാന്‍ മാത്രം കരുത്തുണ്ടായിരുന്നു, ആ കണ്ടെത്തലിന്‌. അതൊരു ശാസ്‌ത്രസത്യത്തിന്റെ വെളിപ്പെടലായി. ആര്‍ക്കമിഡീസിന്റെ `യുറേക്കാ' പ്രയോഗത്തില്‍ നിന്ന്‌ കടം കൊണ്ടാണ്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ആരംഭിച്ച കുട്ടികളുടെ ശാസ്‌ത്രമാസികയ്‌ക്ക്‌ `യുറീക്ക' എന്നു പേരിട്ടത്‌. അതൊരു വെറും പേരല്ല. സ്വര്‍ണകിരീടത്തില്‍ ചെമ്പിന്റെ കലര്‍പ്പുണ്ടോ? കുട്ടികളുടെ ചിന്ത തനി തങ്കമായി നില്‍ക്കാന്‍ ആ ചിന്തയിലെ അബദ്ധധാരണകളുടെയും ധാരണയില്ലായ്‌മകളുടെയും ചെമ്പു കണ്ടെത്തുക തന്നെ വേണം. യുറീക്ക കുട്ടിമനസ്സിലെ ചെമ്പു കണ്ടെത്തി മനസ്സിന്‌ സ്വര്‍ണത്തിളക്കം പകരാനാണ്‌ ശ്രമിക്കുന്നത്‌. കുളിത്തൊട്ടിയിലെ നിരീക്ഷണം ആര്‍ക്കമിഡീസിനെ വഴി നടത്താനായതു മാതിരി കുട്ടികളെ നിരീക്ഷിക്കാനും ചോദ്യങ്ങള്‍ ചോദിക്കാനും അന്വേഷിച്ചറിയാനും പരീക്ഷിച്ചറിയാനും വഴികാട്ടുകയാണ്‌ യുറീക്ക. മനസ്സിന്റെ ഉണര്‍വിനും സര്‍ഗചൈതന്യത്തിനും കരുത്താകുകയാണ്‌ യുറീക്ക. യുറീക്ക തീര്‍ച്ചയായും ശാസ്‌ത്രമാസികയാണ്‌. എന്നാല്‍ ശാസ്‌ത്രവിവരങ്ങളുടെ വാര്‍ത്തയും വിതരണവുമല്ല യുറീക്കയുടെ വഴി. ജീവിതത്തെ ശാസ്‌ത്രജ്ഞാനത്തിന്റെയും ശാസ്‌ത്രബോധത്തിന്റെയും ശാസ്‌ത്രീയ ചിന്തയുടെയും പടച്ചട്ട അണിയിക്കുകയാണ്‌ യുറീക്ക. അതിന്‌ മൗലികവും ക്രിയാത്മകവും സര്‍ഗാത്മകവുമായ വഴി യുറീക്കയ്‌ക്കുണ്ട്‌. കുട്ടികള്‍ അച്ചടി രൂപത്തില്‍ രസിച്ചുവായിക്കുന്ന നവീന ബാലസാഹിത്യത്തിന്റെ സര്‍ഗ്ഗചേതനകള്‍ ഇനി ഡിജിറ്റലായും കൂടുതല്‍ മികവിലും നിങ്ങളുടെ കൈപ്പിടിയിലെത്തുന്നു. കുഞ്ഞുമനസ്സിന്‌ കൂട്ടായി യുറീക്ക അതിന്റെ ദൗത്യം തുടരുന്നു.