Sunday, 20 October 2019 19:20

കവിതപ്പുറത്തൊരു കുടമാറ്റം

എഴുത്ത്‌: ഇ.ജിനന്‍ വര: സചീന്ദ്രന്‍ കാറഡുക്ക

എന്റെ പൂര-

പ്പറമ്പിതാ

തിരക്കാര്‍ന്നു

തിമിര്‍ക്കുന്നു

തിരക്കില്‍ ഞാന്‍

അതിലൊരു 

നടത്തമായ്

മാറുന്നു.

 

എന്റെ തേക്കിന്‍-

കാട്, പൂത്ത

താഴ്‌വരയായ്

മാറുന്നു…

അതിന്‍ചുറ്റും

നടന്നു ഞാന്‍

ഒരു വൃത്തം

വരക്കുന്നു…

 

വടക്കും നാ-

ഥനും ഞാനും

വലത്തോട്ടൊ-

ന്നൊഴിയുന്നു…

ഇടത്തോട്ടൊ…

ന്നിറങ്ങി ഞാന്‍

ഇലഞ്ഞിക്കൊ-

മ്പിളക്കുന്നു.

 

മേളവാദ്യ-

പെരുക്കങ്ങള്‍

എന്റെ കാതില്‍

തിളക്കുന്നു.

കൊമ്പുകുഴല്‍

രാഗനാദ-

മെന്നെ മാടി

വിളിക്കുന്നു.

 

മനക്കൊടു-

മുടിയില്‍ ഞാന്‍

ശിവനൃത്തം

ചവിട്ടുന്നു…

പ്രപഞ്ചമ-

ന്നേരമൊരു

മഹാ സദ-

സ്സാവുന്നു.

 

മത്സരത്തിന്‍

വെടിക്കെട്ടില്‍

നടുവിലാല്‍

കിടുങ്ങുമ്പോള്‍

തീവെളിച്ച-

പ്പൂവുകള്‍ കൊ-

ണ്ടാകാശം

വിടരുന്നു.

 

വൈകിയോ

ഞാന്‍? എന്നു

വൈലോ-

പ്പിള്ളി വന്നു

തിരക്കുന്നു.

സഹ്യപുത്രന്‍

തിടമ്പേറ്റി

വന്നു നില്‍ക്കു-

ന്നതുപോലെ.

 

കവിതപ്പു-

റത്തു ഞാനും

കുടമാറ്റം

നടത്തുന്നു…

പല വര്‍ണ്ണ-

ച്ചിറകില്‍ ഞാന്‍

സ്വയമൊന്നു

വിടരുന്നു.

 

ആലവട്ടം

ചാമരവും

വീശിയെന്റെ

മനസ്സിലെ

കൊമ്പനാന-

പ്പുറമേറു-

ന്നെന്നിലെ

ഞാനെന്ന ഭാവം.

 

നാളെയിപ്പറമ്പ്

ശ്യൂനമാകുമെ-

ന്നറിഞ്ഞുതന്നെ

നാദപൂര-

തിരുശ്ശൂരി-

ലലിഞ്ഞുല്ല-

സിച്ചിടുന്നേന്‍

 

Image 1

കവിതകള്‍ എന്ന വിഭാഗത്തില്‍ പ്രസിദ്ധീകരിച്ചത്‌

വര്‍ഷം: 2018, മാസം: April 1st
വാല്യം: 39, ലക്കം: 20

പങ്കിടുക