Monday, 28 October 2019 16:20

പട്ടവും കാറ്റും പിന്നെ ഞാനും

എഴുത്ത്‌: ഇ.ജിനന്‍

                                                                                                                  കുട്ടികള്‍

                                                                                                                  നിങ്ങള്‍ക്കൊപ്പം

നില്‍ക്കുമ്പോ-

ളൊരു നീല-

പ്പട്ടമെന്‍

തലക്കുമേല്‍

വട്ടമിട്ടോടുന്നുണ്ട്.

 

നോക്കുക,

പാടത്തിന്റെ

വരമ്പില്‍

കൂടേ യോടി-

പ്പാഞ്ഞു ഞാന്‍

പറപ്പിച്ച

പട്ടമാണത് പണ്ട്.

 

നൂലെന്റെ 

കയ്യില്‍ തന്നെ,

പക്ഷേ, യാ-

കാറ്റുണ്ടല്ലോ,

അവനെന്‍

പിടിയൊന്നു

വിടര്‍ത്താന്‍ 

നോക്കുന്നുണ്ട്.

 

 

ആകാശം

വിളിക്കുന്നു-

ണ്ടെന്നു ചൊ-

ല്ലുന്നീ കാറ്റ്,

തെല്ലുമേ,

പിടിവിട്ടു

വിട്ടയ-

ക്കാതെ ഞാനും.

 

അവസാന-

മവന്‍, നൂല്

പൊട്ടിച്ചൂ

കൈവിട്ടു ഞാന്‍,

പട്ടമോ

വാനില്‍ തൊട്ടു

കളിച്ചൂ

സ്വതന്ത്രമായ്.

 

ഇന്നുമാ

സ്വാതന്ത്ര്യത്തിന്‍

പറക്കല്‍ മനസ്സിന്റെ

ലോല വാനത്തില്‍ നിന്നും

തീരെയും

പോയിട്ടില്ല.

 

 

കവിതകള്‍ എന്ന വിഭാഗത്തില്‍ പ്രസിദ്ധീകരിച്ചത്‌

വര്‍ഷം: 2018, മാസം: May 1st
വാല്യം: 39, ലക്കം: 22

പങ്കിടുക