Monday, 28 October 2019 17:17

കടൽപ്പടവിലെ സൂര്യൻ

എഴുത്ത്‌: മഞ്ജു.പി.എൻ വര: കെ.സതീഷ്

കടലാസെന്ന്

എല്ലാവരും പറഞ്ഞു.

കടൽത്തീരമെന്ന്

കുട്ടിയും.

 

കുട്ടി,

ഓടിച്ചാടി നടക്കും തിരകളെ

ഒന്നിനുമേലൊന്നായി

അടുക്കി വെച്ച്

ആകാശം തൊടും കടലൊന്നുണ്ടാക്കി.

 

തിരപ്പടവുകളിലൂടെ കേറി

ഏറ്റവും മുകളിലത്തെ പടവിൽ

സൂര്യനെ എടുത്തു വെച്ച്,

മാറി നിന്നൊന്നു നോക്കി.

ചുവന്നു പോയ ആകാശത്തെ

പ്രഭാതമേ!  എന്നു വിളിച്ചു.

 

'വികൃതിക്കുട്ടീ...'ന്ന്

ഓടി വന്നൊരു തിര

മാനംമുട്ടിയ കടലിനെ

മറിച്ചിട്ടു.

 

വീഴില്ല, വീഴില്ലെന്ന്

ആകാശത്ത്

അള്ളിപ്പിടിച്ച് നിൽക്കുന്ന

സൂര്യനെക്കണ്ട്,

കുട്ടി

കൈകൊട്ടിച്ചിരിച്ചു.

പ്രഭാതവും ചിരിച്ചു.

എല്ലാവരും ചിരിക്കാൻ തുടങ്ങി.

                                    

Image 1

കവിതകള്‍ എന്ന വിഭാഗത്തില്‍ പ്രസിദ്ധീകരിച്ചത്‌

വര്‍ഷം: 2018, മാസം: May 2nd
വാല്യം: 39, ലക്കം: 24

പങ്കിടുക