Tuesday, 29 October 2019 15:02

മാൻ കുടുക്കി

എഴുത്ത്‌: സജീവ് ഉച്ചക്കാവിൽ

കൂട്ടുകാരേ, ഞാനൊരു വലിയ സങ്കടം പറയാനാണ് വന്നത്. എന്റെ പേര് 'മാൻ കുടുക്കി'. അതു തന്നെയാണ് എന്റെ സങ്കടം. മനുഷ്യരാണ് എനിക്കീ പേരിട്ടത്. മാനുകൾ ഈ പേരുകേട്ടാൽ എന്തു കരുതും? ഞാൻ അവരെ കുടുക്കാൻ ഇഷ്ടപ്പെടുന്നില്ല. എനിക്കവരെ വലിയ ഇഷ്ടമാണുതാനും. 

എന്റെ ശാസ്ത്രനാമം മിറിസ്റ്റിക്ക ഫറ്റ്വ (Myristica fatua) എന്നാണ്. നല്ല നിത്യഹരിത വനങ്ങളിലെ, സൂര്യപ്രകാശം അരിച്ചരിച്ചു വീഴുന്ന ശുദ്ധജല ചതുപ്പുകളിലാണ് എന്റെയും കൂട്ടുകാരുടെയും വാസം. 

വേനലിൽ മാനുകൾ ഉൾപ്പെടെയുള്ള സഹജീവികൾ എന്റെ ചുവട്ടിൽ തണുപ്പുകൊള്ളാനും വെള്ളം കുടിക്കാനും പതുങ്ങിപ്പതുങ്ങി വരാറുണ്ട്. ചതുപ്പിലെ വെള്ളക്കെട്ടുകളിൽ ഒാട്ട വെയിൽ വീണ്, തിളങ്ങുന്ന നക്ഷത്രങ്ങൾ ഉണ്ടാകുന്നത് നോക്കി നിൽക്കാറുണ്ട്. ഞങ്ങളുടെ കുടുംബത്തിൽ പെട്ട കുറച്ചു മരങ്ങളാണ് ഇത്തരം ചതുപ്പുകളിൽ വളരുക. അതീവ സവിശേഷതയാർന്ന ആവാസവ്യവസ്ഥയാണ് ഞങ്ങളുടെ ചതുപ്പുകളിൽ നിലനിൽക്കുന്നത്. 

ഞങ്ങളുടെ കുടുംബം അതിപുരാതനമായ കുടുംബമാണ് മിറിസ്റ്റിക്കേസിയേ എന്നാണ് കുടുംബപ്പേര്. സുഗന്ധവിളകളിലെ റാണിയായ ജാതി (Myristica fragranse) ഞങ്ങളുടെ കുടുംബക്കാരാണ്. പുഷ്പിക്കുന്ന സസ്യങ്ങളുടെ ഏറ്റവും പ്രാക്തന ഗോത്രത്തിൽ പെട്ട സസ്യങ്ങളാണ് ഞങ്ങൾ. ഞങ്ങളുടെ കുടുംബപ്പേരു ചേർത്ത് ഇത്തരം ചതുപ്പുകൾ മിറിസ്റ്റിക്ക ശുദ്ധജല ചതുപ്പുകൾ എന്നറിയപ്പെടുന്നു. കാലാവസ്ഥാ വ്യതിയാനം കൊണ്ടും മഴയുടെ അളവു കുറഞ്ഞതുകൊണ്ടും ഞങ്ങൾ വംശനാശ ഭീഷണിയിലാണ്. ഞങ്ങളുടെ കുടുംബം തന്നെ നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ കുളം തോണ്ടാൻ പോവുന്നു. 

ഞാൻ ആദ്യം പറഞ്ഞ സങ്കടത്തിലേക്കു വരാം. ഞങ്ങളുടെ ജീവിതം ചതുപ്പു പ്രദേശങ്ങളിലാണെന്ന് പറഞ്ഞല്ലോ. ചതുപ്പിൽ പിടിച്ചു നിൽക്കാൻ ഞങ്ങളുടെ തടികളിൽ നിന്ന് താങ്ങുവേരുകൾ (stilt root) ച തുപ്പിലാഴ്ത്തുന്നു. അവിടെ മണ്ണിൽ ഓക്സിജന്റെ അളവ് വളരെ കുറഞ്ഞിരിക്കും. ജലവും ലവണങ്ങളും വലിച്ചെടുക്കുന്നതിന് വേരുകൾക്ക് ഓക്സിജൻ അത്യാവശ്യമാണല്ലോ. അതുകൊണ്ട് അന്തരീക്ഷത്തിൽ നിന്ന് ജീവവായു വലിച്ചെടുക്കാൻ വേണ്ടി ഞങ്ങൾ വേരുകൾ മണ്ണിനു മുകളിൽ കുരുക്കുകൾ പോലെ വളച്ച് ഉയർത്തിവക്കുന്നു. ഇവ ഞങ്ങളുടെ ശ്വസന വേരുകളാണ്. സൂക്ഷിച്ചു നോക്കിയാൽ അവയിൽ ശ്വസനരന്ധ്രങ്ങൾ (pnumatophore) നിങ്ങൾക്കു കാണാം. മണ്ണിനു മുകളിൽ വിന്യസിച്ച ഇത്തരം മുട്ടുവേരുകളിൽ (Knee roots), വേട്ടയാടപ്പെടുമ്പോൾ പേടിച്ചോടിയെത്തുന്ന മാനുകൾ കുളമ്പുകുടുങ്ങി വീഴുന്നു. അങ്ങിനെയാണ് ഞങ്ങൾക്ക്  'മാൻ കുടുക്കി' എന്ന പേര് വീണത്. ഞങ്ങൾക്കും ഇത് കാണുമ്പോൾ സങ്കടമാണ്. രാത്രിയിൽ വെള്ളം കുടിക്കാൻ വരുന്ന സഹജീവി ഞങ്ങളുടെ വേരുകളിൽ കുടുങ്ങി വീഴുന്നത് എത്ര സങ്കടകരമാണ്. 

പശ്ചിമഘട്ടത്തിൽ വളരെ കറച്ചു ഭാഗങ്ങളിലേ ഞങ്ങളിപ്പൊ നിലവിലുള്ളൂ. കോഴിക്കോടു ജില്ലയിൽ കക്കയം വനമേഖലയിലും കൊല്ലം ജില്ലയിലെ കുളത്തൂപുഴ, അഞ്ചൽ, ശെന്തുരുണി വനമേഖലയിലും ഞങ്ങളെ കാണാം. മനുഷ്യരുടെ ചെയ്തികൾ ഞങ്ങളെ ഭൂമുഖത്തു നിന്നും തുടച്ചു നീക്കിക്കൊണ്ടിരിക്കയാണ്. അതിനു പുറമെ ഇത്തരം പേരുകൾ കൊണ്ടും അങ്ങൾ അപമാനിക്കപ്പെടുന്നു. കൂട്ടുകാരെ നിങ്ങൾ വലിയവരാവുമ്പോൾ ഞങ്ങൾക്ക് കുറച്ചു കൂടി നല്ല പേര് നൽകണെ. അപ്പോഴേക്കും ഞങ്ങൾ നാമാവശേഷമായില്ലെങ്കിൽ ...

 

ലേഖനങ്ങള്‍ എന്ന വിഭാഗത്തില്‍ പ്രസിദ്ധീകരിച്ചത്‌

വര്‍ഷം: 2018, മാസം: June 1st
വാല്യം: 40, ലക്കം: 1

പങ്കിടുക