Tuesday, 29 October 2019 15:45

ഇത്, സംഗതി ജര്‍മനാ...

എഴുത്ത്‌: സി എം മുരളീധരന്‍

“ചേട്ടാ ഒരു സ്ട്രോങ്ങ് ചായ” എന്ന് പറഞ്ഞുകൊണ്ടാണ് യൂനസ് കടയിലേയ്ക്ക് കയറിവന്നത്.

“ചായ എത്ര സ്ട്രോങ്ങായിട്ടും കാര്യമില്ല. നിങ്ങടെ കാര്യം പോക്കാണേ....” പുറകേ തന്നെ എത്തിയ റിസ്വാനും ശരത്തും ഒരേ സ്വരത്തിലാണ് പറഞ്ഞത്.

“അതെന്താ റിസ്വാനേ, യൂനസ്സിന്റെ കാര്യം പോക്കാണെന്ന് നീ പറഞ്ഞത്.” ക്യാഷ് കൌണ്ടറിലിരുന്ന സജിതച്ചേച്ചി ചോദിച്ചു.

“ഒരു ചെറുപ്പക്കാരനെക്കുറിച്ച് ഇങ്ങനെയാക്കെ അപവാദം പറഞ്ഞു പരത്താമോ?” ചേച്ചി കൂട്ടിച്ചേര്‍ത്തു.

പത്രത്തിന്റെ സ്പോര്‍ട്സ് പേജില്‍ അപ്പോഴേക്കും മുഴുകിയിരുന്നു യൂനസ്സ്. യൂനസ്സ് അങ്ങനെയാണ്. രാവിലെ കടയില്‍ എത്തിയാല്‍ ഉടനെ പത്രം കയ്യിലെടുക്കും. ആദ്യം സ്പോര്‍ട്സ് പേജാണ് വായിക്കുക. അതു കഴി‍ഞ്ഞേ മറ്റു സംഗതികളുള്ളൂ.

പത്രത്തില്‍ നിന്ന് തല പൊക്കാതെ യൂനസ്സ് പറഞ്ഞു. “ചേച്ചിയ്ക്ക് മറ്റ് പണിയൊന്നുമില്ലേ. ഇവന്മാരോടൊക്കെ വര്‍ത്താനം പറയാന്‍ നിക്കാതെ. ദാ ഇപ്പം അര്‍ജന്റീനന്‍ ടീമിന് അഭിവാദ്യ ബോര്‍ഡും വച്ച് വരികയാണ് രണ്ടും. നേരം വെളുക്കാത്ത ഇവരോടൊക്കെ ഒന്നും പറഞ്ഞിട്ടും കാര്യമില്ല ചേച്ചീ.”

“എന്റെ ദൈവേ, അര്‍ജന്റീന ജയിക്കും ന്ന് കരുതണോര് ഇപ്പഴും ഈ ലോകത്തുണ്ടോ?” സജിതച്ചേച്ചി ശരത്തിനെ നോക്കി കുത്തുവാക്ക് പറഞ്ഞു ചിരിച്ചു.

“പിന്നെ ആര് ജയിക്കാനാ ചേച്ചീ.” റിസ്വാനാണു് പ്രതികരിച്ചത്.

“അതെന്താ റിസ്വാനേ ന്നിട്ട് കഴിഞ്ഞ തവണ അര്‍ജന്റീനയാണോ ജയിച്ചത്. ആ മിടുക്കമ്മാര് ജര്‍മന്‍കാരല്ലേ. ഇത്തവണയും അവര് തന്നെ ജയിക്കും. ബെസ്റ്റ് ടീമാണ്.”

ചേച്ചി ജര്‍മന്‍ ടീമിന്റെ പക്ഷത്താണെന്ന് മനസ്സിലായപ്പോള്‍ യൂനസ്സ് തലപൊക്കി. “മനസ്സിലാകാന്‍ വിഷമമാണ്. ന്നാലും പറഞ്ഞുകൊടുക്ക് ചേച്ചീ.”

“കഴിഞ്ഞ തവണ ഒരബദ്ധം പറ്റീന്ന് കരുതി എല്ലാ തവണയും അങ്ങനെ വേണം ന്നില്ലല്ലോ.” ശരത്ത് വിടാന്‍ ഒരുക്കമില്ല.

“ന്നാലേ അബദ്ധം പല തവണ പറ്റീട്ട്ണ്ട് ട്ടോ. 1954, 1974, 1990 പിന്നെ 2014ലും. ഏതായാലും ഇത്തവണേം കൂടെ ഞങ്ങക്ക് അബദ്ധത്തില്‍ ചാടിയേ പറ്റൂ. വേണ്ടാ വേണ്ടാന്ന് വിചാരിച്ചാല്‍ പോലും അതങ്ങനയേ വരൂ. ക്യാപ്റ്റന്‍ മാനുവല്‍ ന്യൂയറിന്റെ നേതൃത്വത്തില്‍ ആ കുട്ട്യോള് മൈതാനം ചുറ്റും; കപ്പും എടുത്തോണ്ട്.” മുന്നില്‍ നിന്നയാളുടെ ചായക്കാശ് കണക്കുകൂട്ടി മേശയിലേക്ക് ഇടുന്നതിനിടയിലാണ് ചേച്ചി ഈ ചരിത്രമൊക്കെ പറയുന്നത്.

“ആ, സ്വപ്നം ക്കെ എല്ലാര്‍ക്കും കാണാലോ. കാണുന്നത് കുറയ്ക്കണ്ട.” റിസ്വാന്‍ ചായ ഊതിക്കുടിക്കാന്‍ തുടങ്ങി.

“ജൊവാഹിം ലോ ആരാന്നാ കരുതിയത്. വെറുതേ ടീമിന്റെ കോച്ചാണ് ന്ന് പറയാനുള്ള ഒരു പേരല്ല അത്." യൂനസ്സിന് ആവേശം കയറി. "2006 ല്‍ ടീമിന്റെ കോച്ചായി ചുമതലയേറ്റതിന് ശേഷം141 രാജ്യാന്തര മൽസരങ്ങളിൽ 94 എണ്ണത്തിൽ വിജയവും 24എണ്ണത്തില്‍ സമനിലയും നേടാന്‍ ജര്‍മന്‍ ടീമിന് കഴിഞ്ഞു. 2014 ല്‍ ലോകകപ്പും ടീമിന് വാങ്ങിക്കൊടുത്തു, ലോ. വെറുതെയല്ല ലോകത്തെ ഏറ്റവും മികച്ച കോച്ചായി ലോ യെ 2014 ല്‍ ഫിഫ തിരഞ്ഞെടുത്തത്.”

“ഓ, കോച്ച് മാത്രം ണ്ടായാല്‍ ടീം ഇങ്ങനെ ജയിക്ക്വല്ലേ തുടര്‍ച്ചയായി. ഇപ്പം എണ്ണം പറഞ്ഞ നല്ല കളിക്കാര് ആരെങ്കിലും ണ്ടോ നിങ്ങടെ ഈ ജര്‍മന്‍ ടീമില്. ഒരു മെസ്സിയോ ഒരു നെയ്മറോ മറ്റോ.” സ്കോറടിച്ചെന്ന മട്ടില്‍ ശരത്ത് തലയുയര്‍ത്തി.

“തോമസ് മുള്ളര്‍ മെസൂട്ട് ഓസില്‍, ടോണി ക്രൂസ്, മാരിയോ ഗോട്ട്സ് ഇവരെയൊക്കെ കളിക്കാര് ന്ന് തന്നെയാ ഞങ്ങളൊക്കെ പറയ്വാ. നിങ്ങളെ സര്‍ട്ടിഫിക്കറ്റേ അവര്‍ക്ക് കിട്ടാന്‍ ബാക്കിയുള്ളൂ.” മെസ്സിയുടെ പേരാണെന്നു തോന്നുന്നു സജിതച്ചേച്ചിയെ ദേഷ്യം പിടിപ്പിച്ചത്.

“നല്ല തങ്കം പോലുള്ള പല കളിക്കാരേയും ഗ്രൌണ്ടിലിറക്കാതെ സൈഡില്‍ നിര്‍ത്തേണ്ടി വരുന്നതില്‍ കോച്ചിന് നല്ല മനഃപ്രയാസം ആണ് ണ്ടാവാന്‍ പോവുന്നത് ന്റെ ശരത്തേ.” അവര്‍ കൂട്ടിച്ചേര്‍ത്തു.

അടുത്ത പത്രത്തിന്റെ സ്പോര്‍ട്‍സ് പേജ് പരതുന്നതിനിടയില്‍ യൂനസ്സ് പറഞ്ഞു. “ഏതായാലും ഫിഫ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്താണല്ലോ ഇപ്പം നമ്മള്. അത് തല്‍ക്കാലം വേറെയാര്‍ക്കും വിട്ടുകൊടുക്കാന്‍ ഞങ്ങള് തീരുമാനിച്ചിട്ടില്ല. അല്ലേ ചേച്ചീ. മക്കളേ ഈ ടീമുണ്ടല്ലോ, സംഗതി മെയ്ഡ് ഇന്‍ ജര്‍മനാ ട്ടോ.”

 

 

ലേഖനങ്ങള്‍ എന്ന വിഭാഗത്തില്‍ പ്രസിദ്ധീകരിച്ചത്‌

വര്‍ഷം: 2018, മാസം: June 1st
വാല്യം: 40, ലക്കം: 1

പങ്കിടുക