Tuesday, 29 October 2019 15:47

ഒറ്റമൈന

എഴുത്ത്‌: വി ടി ജയദേവന്‍

സിനിമാനടി

മൈനക്കുഞ്ഞ് ഇത്തിരി വളര്‍‍‍‍‍ന്ന് പറക്കാറാവാന്‍ എത്ര ദിവസം വേണ്ടിവരും? അറിയില്ല. 

കുറച്ചു കാര്യങ്ങളേ അറിയൂ. ഒരു ദിവസം ഒരു ചെറുപ്പക്കാരന്‍ മാമന്‍ കുറച്ചു പുസ്തകങ്ങള്‍ വില്‍ക്കാന്‍ സ്‌കൂളില്‍ വന്നു. ചെറിയ കാര്യങ്ങളുടെ പുസ്തകം. ആ മാമന്‍ എല്ലാവരോടും കുറേ ചോദ്യമൊക്കെ ചോദിച്ചു. എല്ലാം കേള്‍ക്കുമ്പോള്‍ ചെറു ചെറു ചോദ്യങ്ങള്‍ തന്നെ, നിങ്ങളുടെ വീട്ടുകോണിക്ക് എത്ര പടവുണ്ട് എന്നൊക്കെപ്പോലെ ചെറിയവ. 

ഉത്തരങ്ങള്‍ ആര്‍‍‍‍‍ക്കും അറിയില്ലാന്ന് മാത്രം... 

ഇതിറ്റിങ്ങളെയൊക്കെയൊന്ന് വലുതാക്കിയെടുക്കാനുള്ള ഒരുപാട് എന്ന് വീട്ടിനടുത്തുള്ള അമ്മമാരൊക്കെ ഇടക്കിടയ്ക്ക് പരസ്പരം പറഞ്ഞിരുന്നു. തൊട്ട് തെക്കേവീട്ടിലെ മുരുകേശന്‍ എന്ന കുട്ടിയുടെ അമ്മ അതു അഞ്ചെട്ടു പ്രാവശ്യമെങ്കിലും പറയുന്നത് കേട്ടിട്ടുണ്ട്. മുരുകേശന്‍ നേര്‍‍‍‍‍ത്തുനേര്‍‍‍‍‍ത്തൊരു നൂലുപോലെയാണ്. ഒരു കാറ്റൂതിയാല്‍ പാറുമെന്നു തോന്നും. അവന് എപ്പോഴും ശ്വാസം മുട്ടലാണ്. ശ്വാസം മുട്ടുന്നത് കണ്ടാല്‍ പേടി വരും. അമ്മ്വേച്ചീടമ്മൂമ്മയ്ക്ക് ശ്വാസംമുട്ടായിരുന്നു. ഒളിച്ചുകളിക്കിടയില്‍ അവരുടെ പിന്‍മുറ്റത്തോളം ചെന്നാല്‍ കിളിവാതിലിന്നപ്പുറത്തെ ഇരുട്ടുമുറിയില്‍ നിന്ന് നെഞ്ചുവലിവിന്റെ ഒച്ച കേള്‍ക്കാം. പാര്‍‍‍‍‍ത്തുനോക്കിയപ്പോള്‍ പ്രാണവെപ്രാളത്തില്‍ വാപിളര്‍‍‍‍‍ന്ന് പിടയ്ക്കുന്നത് ഒരു ദിവസംകണ്ടു. വാപിളര്‍‍‍‍‍ന്ന് നാക്കുനീട്ടി വിരലുകൊണ്ട് വിരിപ്പില്‍ മാന്തിമാന്തിയുള്ള ആ കളി കണ്ടുനില്‍ക്കാനാവാതെ പിന്‍തിരിഞ്ഞോടി.

ഒന്നാം ക്ലാസിലായിരുന്നപ്പോള്‍ പ്രധാനകളി വലുതായിക്കളിയായിരുന്നു. അനന്യയാണ് ആ കളി ആദ്യം കൊണ്ടുവന്നത്. ഒരു ഓണപ്പൂട്ടലുകഴിഞ്ഞ് തുറക്കുമ്പോള്‍. 

ഓണപ്പൂട്ടലും ക്രിസ‍മസ് പൂട്ടലും കഴിഞ്ഞു തുറക്കു മ്പോള്‍ എല്ലാവരുടേയും കീശയിലും ബാഗിലും എന്തെങ്കിലുമൊക്കെ ഉണ്ടാവില്ലേ? പുതിയ കളിപ്പാട്ടങ്ങളോ അമ്മാമന്റെയോ മൂത്തമ്മയുടേയോ വീട്ടില്‍ പോയപ്പോള്‍ കിട്ടിയ ലൊട്ടുലൊടുക്കുകളോ ഒക്കെ. ഒപ്പം ചിലപ്പോള്‍ പുതിയ കളികളും കിട്ടും. മച്ചിങ്ങകൊണ്ട് എറിഞ്ഞുള്ള ഒരു കളി ബിനുപ്പാപ്പന്റെ അമ്മവീട്ടില്‍ കൂടാന്‍ പോയപ്പോള്‍ കിട്ടി. അത് ക്ലാസില്‍ കൊണ്ടു ചെന്നപ്പോള്‍ രമ്യയ്ക്കും അമൃതയ്ക്കുമൊന്നുമിഷ്ടമായില്ല. സാധാരണ കളികളിലൊന്നുമത്ര താല്‍പര്യമില്ലാത്ത അമീന് ആ കളി വലിയ ഇഷ്ടായി. മച്ചിങ്ങ തലയ്ക്കുമോളിലൂടെ വലിച്ചെറിയുമ്പോള്‍ അവന് എന്തുകൊണ്ടെന്നില്ലാണ്ട് ചിരിവരും. 

വലുതായിക്കളിക്കലിന് കുറേ കാലം വലിയ കോളായിരുന്നു. 

പെണ്‍കുട്ടികകള്‍ക്ക് വലുതാവാന്‍ ഒരു തുണിക്കഷണം മാടിയുടുത്താല്‍ മതി. ആണ്‍കുട്ടികള്‍ക്ക് ചായപ്പെന്‍സില്‍കൊണ്ട് മീശയൊക്കെ വരയ്ക്കണം. 

രണ്ടാം ക്ലാസിലെ റോജയുടെ കയ്യില്‍ ഒരു പെട്ടിയുണ്ട്. അതില്‍ ചുണ്ടിനും കവിളിനുമൊക്കെ ചായമിടാനുള്ള പെന്‍സിലുകളുണ്ട്. അവള്‍ സില്‍മാനടിയാവാന്‍ പോവ്വാണെന്ന് എല്ലാവരോടും പറയും. ഛെ, എന്ന ഒരുഭാവത്തില്‍ അതുകേട്ടാല്‍ നിമ്മു ദില്‍ഷ നോക്കും. നിമ്മു ദില്‍ഷ ചേറുപോക്കാത്ത നഖങ്ങള്‍ കണ്ടാല്‍, മുറ്റത്തേയ്ക്കു തുപ്പുന്നതുകണ്ടാല്‍, മൂക്കളയൊലിപ്പോ വാതുറന്നിരിപ്പോ കണ്ടാല്‍, വറ്റുചിതറിയൂണുകഴിച്ചാല്‍ ഉടനെ പറയും ഒരു ഛെ… അധികമൊന്നുമില്ല, അതുമാത്രം...

ഒന്നും എഴുതിക്കൊണ്ടുവരാത്തതിന് റോജയെ ടീച്ചര്‍‍‍‍‍ എന്നും നാണംകെടുത്തും. ചിലപ്പോള്‍ നുള്ളുകൊടുക്കും. അടിക്കും. ടീച്ചര്‍‍‍‍‍ പോയാല്‍ തൊട്ടടുത്തിരിക്കുന്ന ആളോട് അവള്‍ ഞാനേ സിനിമാ നടിയാവാമ്പോവ്വാന്ന് പറയും. കഴിഞ്ഞമാസം അടുപ്പിച്ച് സ്‌കൂളില്‍ വരാഞ്ഞിട്ട് ടീച്ചര്‍‍‍‍‍ അവളുടെ പേരുവെട്ടി. 

ഒരിക്കല്‍ സിനിമാനടിയായി നൃത്തം കളിച്ചും പാട്ടുപാടിയും തിരിച്ചുവരുമായിരിക്കും.

 

കഥകള്‍ എന്ന വിഭാഗത്തില്‍ പ്രസിദ്ധീകരിച്ചത്‌

വര്‍ഷം: 2018, മാസം: June 1st
വാല്യം: 40, ലക്കം: 1

പങ്കിടുക